ഗുരുവന്ദനം
ശങ്കരാചാര്യർ

അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ സന്ന്യാസി ആണ് ശങ്കരാചാര്യൻ (ആദി ശങ്കരൻ) (ക്രി.പി. 788 - 820). ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായാണ് അദ്ദേഹം പരിഗണിക്കപ്പെടുന്നത്. ദൈവശാസ്ത്രജ്ഞനുമായിരുന്നു. കേരളത്തിലെ കാലടിക്കടുത്ത് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്ന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. മുന്നൂറിലധികം സംസ്‌കൃതഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇവയിൽ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. വേദാന്തതത്ത്വചിന്തയിലെ അദ്വൈത വിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരൻ നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്.

വി.ടി. ഭട്ടതിരിപ്പാട്

കേരളത്തിലെ പ്രശസ്തനായ സാമൂഹിക നവോത്ഥാ‍ന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുനു വി.ടി. ഭട്ടതിരിപ്പാട്. ഇംഗ്ലീഷ്:V. T. Bhattathiripad. 1896-ൽ അങ്കമാലിക്കടുത്തുള്ള കിടങ്ങൂർ ഗ്രാമത്തിൽ വി.ടി.യുടെ അമ്മാത്തായ കൈപ്പിള്ളിമനയിൽ ജനിച്ചു. മരണം - 1982. യഥാർത്ഥപേര് വെള്ളിത്തുരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്നായിരുന്നു. ഒഴുക്കിനെതിരെ നീന്തിയ അദ്ദേഹം പഴയ വിഗ്രഹങ്ങൾ തച്ചുടച്ച് പുതിയവ പ്രതിഷ്ഠിക്കുകയാണ് സാമുദായികമായി ചെയ്തിരിക്കുന്നത്.